തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ കൊട്ടാരക്കരയിൽ എതിരിടാൻ ആരാണ് ശക്തരെന്ന ചോദ്യത്തിന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു നൽകിയ പട്ടികയിലെ ഒന്നാം പേരായിരുന്നു സിപിഎമ്മിന്റെ മുൻ എംഎൽഎ കൂടിയായ പി. അയിഷ പോറ്റിയുടേത്.
ഭരണം നേടാൻ യുഡിഎഫിനു പിടിച്ചെടുക്കേണ്ട കൊട്ടാരക്കര മണ്ഡലത്തിൽ ശക്തയായ സ്ഥാനാർഥിയെ കോണ്‍ഗ്രസ് പാളയത്തിൽ എത്തിക്കാനുള്ള മുതിർന്ന നേതാക്കളുടെ ഒറ്റക്കെട്ടായ രഹസ്യനീക്കമാണ് ഇന്നലെ അയിഷ പോറ്റിയെ രാപകൽ സമരവേദിയിൽ എത്തിച്ച് അംഗത്വം നൽകിയതിലൂടെ വിജയം കണ്ടത്.
ചടുലനീക്കം
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നു തവണ സിപിഎം പ്രതിനിധിയായി കൊട്ടാരക്കരയിൽനിന്നുള്ള നിയമസഭാംഗവുമായ അയിഷ പോറ്റിയെ കോണ്‍ഗ്രസ് പാളയത്തിൽ എത്തിക്കാനുള്ള നീക്കം മുൻകൂട്ടിത്തന്നെ നടന്നിരുന്നു.
നേരത്തേ കൊട്ടാരക്കയിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ അയിഷ പോറ്റി പങ്കെടുത്തപ്പോൾത്തന്നെ കോണ്‍ഗ്രസിലേക്ക് എന്ന് പലരും ഉറപ്പിച്ചിരുന്നു. അന്ന് അയിഷ പോറ്റിയെ സമൂഹ മാധ്യമങ്ങൾ വഴി കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎമ്മും രംഗത്തുണ്ടായിരുന്നു.
എന്നാൽ, ഒരു പാർട്ടിയിലേക്കും ഇല്ലെന്നായിരുന്നു അന്ന് അവരുടെ പ്രതികരണം. ആഴ്ചകൾക്കു മുമ്പ് വയനാട്ടിൽ നടന്ന കോണ്‍ഗ്രസിന്റെ ഉച്ചകോടിയിലും അയിഷ പോറ്റി വീണ്ടും സജീവ ചർച്ചാവിഷയമായി. തുടർന്ന് ഇവരെ കോണ്‍ഗ്രസിൽ എത്തിക്കുന്ന കാര്യം കൊട്ടാരക്കര നിയമസഭാ മണ്ഡലം കൂടി ഉൾപ്പെടുന്ന മാവേലിക്കരയുടെ എംപി കൊടിക്കുന്നിൽ സുരേഷ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും അറിയിച്ചു. ഇരുവരുടെയും സമ്മതത്തോടെ കൊടിക്കുന്നിൽ സുരേഷ് പലവട്ടം അയിഷ പോറ്റിയുമായി ചർച്ച നടത്തി.
നിർണായക കൂടിക്കാഴ്ച
ഇതിനുപിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് അയിഷ പോറ്റിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കന്റോണ്‍മെന്റ് ഹൗസും ഇന്ദിരാഭവനും ഒഴിവാക്കി രഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച. കൊടിക്കുന്നിൽ സുരേഷ് എംപിയെയും മുതിർന്ന നേതാക്കളെയും കൂടാതെ കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദിനു മാത്രമായിരുന്നു ഇക്കാര്യം അറിയാമായിരുന്നത്.
വിവരം ചോർന്നുപോകാതിരിക്കാനായിരുന്നു രഹസ്യനീക്കം. ഇതിലാണ് കേന്ദ്ര നയങ്ങൾക്കെതിരേ ഇന്നലെ ലോക്ഭവനു മുന്നിൽ നടക്കുന്ന കോണ്‍ഗ്രസിന്റെ രാപകൽ സമരവേദിയിൽ ഇവരെ എത്തിക്കാനും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാനും ധാരണയായത്. തുടർന്ന് ഇക്കാര്യം കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവരെ അറിയിച്ചു. ഇവരും അനുകൂല നിലപാട് സ്വീകരിച്ചു.
2000ത്തിൽ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അയിഷ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2006ൽ കൊട്ടാരക്കരയിൽ കേരള കോണ്‍ഗ്രസ്- ബി ചെയർമാനും ഏറെനാൾ മന്ത്രിയുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി നിയമസഭാംഗമായി. തുടർന്ന് രണ്ടു തവണകൂടി കൊട്ടാരക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഇതിനിടെ പല കാരണങ്ങളാൽ സിപിഎമ്മുമായി പിണങ്ങിയ അയിഷ പോറ്റി പാർട്ടി പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുകയായിരുന്നു.